മയക്കുമരുന്നിനെതിരെയുള്ള കേരള പോലീസിന്റെ ഒരാഴ്ചത്തെ പ്രചാരണപരിപാടികള്‍ നാളെ ആരംഭിക്കും. മയക്കുമരുന്നിനും അവയുടെ കടത്തിനും എതിരെയുള്ള അന്താരാഷ്ട്ര ദിനമായ നാളെ (വെളളിയാഴ്ച) ഓണ്‍ലൈനിലൂടെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. പ്രചാരണ പരിപാടികള്‍ ജൂലൈ മൂന്നുവരെ നീണ്ടു നില്ക്കും.
മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിലും അന്വേഷണത്തിലും വൈദഗ്ധ്യം തെളിയിച്ച ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഓഫീസര്‍മാരെ ഓണ്‍ലൈനായി ആദരിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന എന്‍ട്രികള്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5,000 രൂപയുമാണ് നല്‍കുന്നത്.
മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ യെങ് ആന്റി നര്‍ക്കോട്ടിക്ക് വാരിയേഴ്സ് ആയി പ്രഖ്യാപിക്കും.
വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന ആന്റി നര്‍ക്കോട്ടിക് വെബിനാറുകള്‍ സംഘടിപ്പിക്കും. ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കും. 15 ലക്ഷത്തിലധികം പേര് വരിക്കാരായ കേരളാ പോലീസിന്റെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും.
പ്രചാരണ പരിപാടി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ സംസ്ഥാന പോലീസ് മേധാവി, കേരള പോലീസ്, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്സ്ബുക്ക് പേജില്‍ തത്സമയം കാണാവുന്നതാണ്.