സിപിഐഎം മുതിര്‍ന്ന നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. തിങ്കളാഴ്ച മൊഴി നല്കാന് എത്തണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്റ്റേഷന് ഓഫിസറാണ് നോട്ടിസ് നല്‍കിയത്. ഫര്സിന് മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. നേരത്തേ മൊഴി നല്കാന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.
മുമ്പ് ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ ഹാജരാകാന്‍ വിസമ്മതിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജാമ്യം നല്കുമ്പോള് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരത്തേക്ക് വരാനാകില്ലെന്നാണ് ഇരുവരും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇ.പി ജയരാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ.പി ജയരാജനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, പി.എ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ഇ.പി ജയരാജന് മൂന്നഴ്ചത്തേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തേയും വിലക്കേര്‍പ്പെടുത്തിയിരിന്നു. ഇതിന് പിന്നാലെ ഇ.പി ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബഹിഷ്കരിച്ചത് വാര്‍ത്തയായിരുന്നു.