തിരുവനന്തപുരം: പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികള്‍. നാളെ രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും.
പമ്പുകളില്‍ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്ന് സംഘടന പറയുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ എന്നും ഇവര്‍ അറിയിക്കുന്നു.
പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇങ്ങനെ ഇന്ധനം നല്കിയാല് ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജന്‍സികളും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ രാത്രിയില്‍ കുപ്പികളില്‍ ഇന്ധനം വാങ്ങാനെത്തുന്നവര്‍ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്ന് സംഘടന പറയുന്നു.
ആശുപത്രികളില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിര്‍മാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.
സംസ്ഥാനത്ത് രണ്ടായിരത്തോളം പെട്രോള്‍ പമ്പുകളുണ്ട്.