കോമണ്‍വെല്‍ത്ത്; ബാഡ്മിന്റണില്‍ സ്വര്‍ണം നേടി പി.വി സിന്ധു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ബാഡ്മിന്റണില്‍ പി.വി സിന്ധുവാണ് രാജ്യത്തിന് അവസാനദിനത്തിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 19 ആയി.

കാലിലെ പരുക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. മിഷേല്‍ ലീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഏകപക്ഷീയമായാണ് സിന്ധു കീഴടക്കിയത്. സ്‌കോര്‍ 21-15, 21-13.

ഒരു രാജ്യാന്തര കായിക മത്സരത്തില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയായിരുന്നു താരം നേടിയത്. 2018ലെ ഏഷ്യന്‍ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്സില്‍ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്സില്‍ വെങ്കലവുമാണ് ലഭിച്ചത്.