മുംബൈ ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ തെളിവില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. അന്താരാഷ്ട്ര ലഹരി മരുന്ന് സംഘവുമായോ ലഹരിക്കടത്ത് ഗൂഢാലോചനയിലോ ആര്യന് ഖാന് ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും എന്‍.സി.ബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് എന്‍.സി.ബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യന് ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകള്‍ പരിശോധിച്ചതില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ല. ഗൂഢാലോചനാ വാദവും നിലനില്‍ക്കാത്തതാണെന്നും എന്‍.സി.ബി കണ്ടെത്തി.
ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആര്യന് ഖാന് ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. കപ്പലില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസില്‍ ആര്യന് ഖാന് കോടതിയില്‍ ജാമ്യം നിന്നത്.