തമിഴ്നാട്ടില്‍ ബീസ്റ്റ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി.എം.എസ് മുസ്തഫയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തുനല്‍കി.
ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നതാണ് പ്രധാന ആരോപണം. തീവ്രവാദം, ബോംബാക്രമണം എന്നിവയ്ക്കെല്ലാം പിന്നില്‍ ഇസ്ലാം മതവിശ്വാസികള്‍ മാത്രമാണെന്ന തരത്തില്‍ സിനിമ വളച്ചൊടിക്കുകയാണെന്നും ഇത് ഖേദകരമാണെന്നും കത്തില്‍ പറയുന്നു. ബീസ്റ്റ് എന്തുകൊണ്ട് കുവൈറ്റില്‍ നിരോധിച്ചു എന്നതും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുവൈറ്റിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതിനാലാണ് ചിത്രം വിലക്കാന്‍ കാരണമെന്ന് കത്തില്‍ പറയുന്നു.
നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ പതിമൂന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. വിജയ്ക്ക് പുറമേ സെല്വരാഘവന്, യോഗി ബാബു, മലയാളി താരം ഷൈന്‍ ടോം ചാക്കോ, പൂജ ഹെഗ്ഡെ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.