രാജസ്ഥാനിലെ അല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. എട്ടു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളായ എട്ടു പേരും 20 വയസില്‍ താഴെയുള്ളവരാണ്.
കിഷന്‍ഗഡ് ബാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള 16 വയസുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. 50,000 രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പിന്നീട് എട്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.
ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ പെണ്‍കുട്ടിയില്‍ നിന്ന് പ്രതികള്‍ 50,000 രൂപ തട്ടിയെടുത്തുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കൂടുതല്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിഡിയോ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.