വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ച് കുരുന്ന് വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം മുള്ളറംകോട് ഗവണ്മെന്റ് എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മന്ത്രിക്ക് സ്നേഹം നിറച്ച് കത്തയച്ചത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്’ എന്ന് അഭിസംബോധന ചെയ്താണ് കത്ത്. സ്കൂളില്‍ നടക്കുന്ന ഓണസദ്യയില്‍ പങ്കെടുക്കാന്‍ മന്ത്രിയെ ക്ഷണിച്ചുകൊണ്ടാണ് കുട്ടികള്‍ കത്തയച്ചത്. ‘ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം’ എന്ന് പറഞ്ഞ് മന്ത്രി തന്നെ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
തങ്ങളുടെ സ്കൂളില്‍ സെപ്റ്റംബര്‍ രണ്ടാം തീയതി ഓണസദ്യ ഒരുക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തണമെന്നുമാണ് കുട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി അപ്പൂപ്പന് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുരുന്നുകള്‍ കുറിച്ചു. കുട്ടികളോടൊപ്പം ഓണസദ്യ കഴിക്കാന്‍ താന്‍ എത്തുമെന്ന് കത്ത് പങ്കുവച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍ പി എസിലെ രണ്ടാം ക്ലാസ്സുകാര്‍ എന്നെ അവരുടെ സ്കൂളിലെ ഓണാഘോഷത്തിന് ക്ഷണിച്ചിരിക്കുകയാണ്. അവരയച്ച കത്തെനിക്ക് കിട്ടി. നാളെയാണ് സ്കൂളിലെ ഓണാഘോഷം.
‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും.
നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാന്‍…
എന്ന് സ്വന്തം
മന്ത്രി അപ്പൂപ്പന് ‘