പ്രഭാതസവാരിക്കെത്തുന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവലാണ് പൊലീസ് പിടിയിലായത്. മൂവാറ്റുപുഴയിലെ ഒരു സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന പ്രതി രാവിലെ സ്കൂട്ടറിലെത്തിയാണ് അതിക്രമം കാട്ടുന്നത്. ഇയാള്‍ക്കെതിരെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
കടവന്ത്ര, പനമ്പള്ളിനഗര്‍ എന്നിവിടങ്ങളില്‍ പ്രഭാതസവാരിക്കെത്തുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും ഇവര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു ഇയാളുടെ രീതി. സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ അതിവേഗത്തില്‍ സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു പതിവ്.
പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയതോടെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യുവാവിനെ കണ്ടെത്തിയെങ്കിലും സ്കൂട്ടറിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതും ഹെല്‍മറ്റ് ധരിച്ചതും ആളെ തിരിച്ചറിയാന്‍ വെല്ലുവിളിയായി. തുടര്‍ന്ന് ആഴ്ചകളോളം രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.