ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് നടി സുസ്മിത സെന്നും തമ്മില്‍ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെ ലളിത് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുസ്മിത സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കി. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചു.
കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനില്‍ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്റെ നല്ലപാതിയായ സുസ്മിത സെന്നിനെ പ്രത്യേകം പരാമര്ശിക്കേണ്ടതില്ലെന്നുമാണ് ലളിത് മോദി ഒരു ട്വീറ്റില്‍ പറയുന്നത്. ഒടുവില്‍ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് ലളിത് മോദി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്റുകള്‍. ഇതോടെ മറ്റൊരു ട്വീറ്റിലൂടെ വിശദീകരണവുമായി ലളിത് മോദിയെത്തി. തങ്ങള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും പരസ്പരം ഡേറ്റിംഗിലാണെന്നും ലളിത് മോദി വിശദീകരിച്ചു. വിവാഹം ഒരുനാള്‍ സംഭവിക്കുമെന്നും ലളിത് മോദി കൂട്ടിച്ചേര്‍ത്തു.
ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടിയ ഇന്ത്യന്‍ വനിതയാണ് സുസ്മിത സെന്‍. ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത സെന്‍. രണ്ട് കുട്ടികളെ ദത്തെടുത്തിട്ടുണ്ട് സുസ്മിത സെന്‍. 59-കാരനായ ലളിത് മോദി ഐപിഎല്‍ എന്ന ആശയത്തിന്റെ പിതാവും, അതിന്റെ ആദ്യത്തെ ചെയര്‍മാനും ആയിരുന്നു. 2010 വരെ മൂന്ന് വര്‍ഷം ഐപിഎല്‍ നയിച്ചു ബിസിസിഐയുടെ വൈസ് പ്രസിഡന്റായും ചാമ്പ്യന്‍സ് ലീഗിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്പ്പെട്ട് രാജ്യം വിട്ടു. 2018ല്‍ ലളിത് മോദി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. നിലവില്‍ ലണ്ടനിലാണ് ലളിത് മോദി.