ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വിരാട് കോലിക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ ഇതിഹാസതാരം കപില്‍ ദേവ്. കോലിയെ പോലൊരു താരം ഒരു സെഞ്ചുറി നേടാന്‍ ഇത്രയും വലിയ ഇടവേളയെടുക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് കപില്‍ ദേവ് പറഞ്ഞു.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ് എന്നിവരോട് താരതമ്യം ചെയ്യാന്‍ ഒരു താരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ കോലി വന്നു, പ്രകടനം കൊണ്ട് അവരുമായി താരതമ്യം ചെയ്യാന്‍ കോലി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അത്തരമൊരു താരം ഒരു സെഞ്ചുറി രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുന്നത് ശരിയല്ല. വളരെയധികം ആശങ്കപ്പെടുത്തുന്ന കാര്യമാണതെന്നും കപില്‍ വ്യക്തമാക്കി.
മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ആളുകള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുത്. കോലിയുടെ അത്രത്തോളം മത്സരപരിചയം തനിക്കില്ല. എന്നിരുന്നാലും പലതും മനസിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് സ്കോര്‍ ചെയ്യാനായില്ലെങ്കില്‍ അവിടെ എന്തോ പ്രശ്നമുണ്ട് എന്നാവും തങ്ങള്‍ക്ക് തോന്നുക. നിങ്ങളുടെ പ്രകടനമാണ് തങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ പരമ്പരയിലെ അവശേഷിക്കുന്ന കളിയാണ് ബിര്‍മിംഗ്ഹാമില്‍ ജൂലൈ 1 മുതല്‍ നടക്കേണ്ടത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ 2007ന് ശേഷം ആദ്യമായി ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കാം.