പങ്കാളി ആയിരുന്ന ആനന്ദ് ഇപ്പോൾ സഹോദരനെപ്പോലെ: ആനന്ദ് ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിൽ, എന്നാലും ഇപ്പോഴും ഞാൻ അവന്റെ അടുത്ത് പോകും : മനസ് തുറന്ന് കനി കുസൃതി

പങ്കാളി ആയിരുന്ന ആനന്ദ് ഇപ്പോൾ തനിക്ക് സഹോദരനെപ്പോലെ എന്ന് നടി കനി കുസൃതി. സംവിധായകൻ ആനന്ദ് ഗാന്ധിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു കനി കുസൃതി.
വർഷങ്ങളോളം ഉണ്ടായിരുന്ന ബന്ധത്തിൽ വന്ന മാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് കനി കുസൃതി.

ആനന്ദ് ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും ആനന്ദുമായി തനിക്ക് ഇപ്പോഴും നല്ല സൗഹൃദവും സഹോദരബന്ധവുമാണ് ഉള്ളതെന്നും കനി പറയുന്നു.വണ്ടർവാൾ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് കനി പങ്കാളിയുമായി പിരിഞ്ഞ വിവരം തുറന്നുപറഞ്ഞത്.

അതേസമയം ആനന്ദ് പുതിയ പങ്കാളിയുമായി താമസിക്കുന്നിടത്ത് പോകാറുണ്ടെന്നും ആനന്ദിനും തനിക്കും ഒരിക്കലും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാതെ കഴിയാനാകില്ലെന്നും കനി പറഞ്ഞു.

കനിയുടെ വാക്കുകൾ ഇങ്ങനെ –

ഞാൻ എപ്പോഴും ഓപ്പൺ റിലേഷൻഷിപ്പ് ഉണ്ടായിരുന്ന ഒരാളാണ്‌. ഒരു പാർട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലർത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലേ എനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്നും ആഗ്രഹം ഉണ്ടായിട്ടില്ല എന്നാണ് കനി പറയുന്നത്.

മുൻപ് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നപ്പോഴും, ഇവര്‍ ആരെയെങ്കിലും കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കട്ടെ, എനിക്ക് ഇവരോടൊപ്പം താമസിക്കാൻ പറ്റില്ല എന്ന് തോന്നലാണ് ഉണ്ടായിട്ടുള്ളത്.

ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ്, ഇത്രയും കണക്‌ഷൻ ഉള്ള ഒരാളെ കിട്ടിയാൽ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് തീരുമാനിച്ചത്. ഇത്രയും രസമായി ഒരുമിച്ചു താമസിക്കാൻ പറ്റുന്ന ഒരാളെ കിട്ടുമെന്ന് ഞാൻ അതുവരെ കരുതിയതേ അല്ല.

എന്നാൽ ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണ്‌, പല പങ്കാളികൾ വേണമെന്ന് അവന് നിർബന്ധമില്ല. പക്ഷേ താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മൾ ഒരുമിച്ച് താമസിക്കുമ്പോഴും, വ്യക്തികളായ നമുക്ക് മറ്റ് ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടായിക്കോട്ടെ എന്നൊക്കെ ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്.

പക്ഷേ ആനന്ദിന് അത് ഇഷ്ടമല്ല. ഒടുവിൽ അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു എന്നാണ് കനി പറഞ്ഞത്.

അവര്‍ രണ്ടുപേരും ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. ഇപ്പോൾ അവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങി എന്നാണ് കനി പറയുന്നത്.

പക്ഷേ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും പല ജോലികൾ ചെയ്ത് പല സ്ഥലത്ത് പോയാലും തിരിച്ചുവന്ന് ആനന്ദിനോട് കാര്യങ്ങൾ തുറന്നുപറയാൻ പറ്റുന്ന ബന്ധം എപ്പോഴും നിലനിർത്തണമെന്നുമുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്.

എനിക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളിപ്പോഴും ആനന്ദ് തന്നെയാണ്. ആനന്ദ് എന്റെ അടുത്തു വരികയും ഞാൻ ആനന്ദിന്റെ അടുത്ത് പോവുകയും ചെയ്യും. പക്ഷേ പങ്കാളികൾ തമ്മിലുള്ള ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല. എനിക്കിപ്പോൾ അവൻ ഒരു സഹോദരനെപ്പോലെയായി എന്നും നടി പറയുന്നു.

ഇത് പറയുമ്പോൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല, എനിക്ക് തെറി കിട്ടും എന്നൊക്കെ എനിക്ക് അറിയാം എന്നും കനി പറഞ്ഞു.

എന്റെ കൂട്ടുകാരിയും അവളുടെ പാർട്ണറും ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ, അവളുടെ വീട്ടിൽ, കെട്ടാതെ പോയ ഒരു മകളെ പോലെ ജീവിക്കാനാണ് എനിക്കിഷ്ടം എന്നും നടി പറഞ്ഞു.

ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ആ ഒരു ഫാമിലി ഫീലിങ് എനിക്കിഷ്ടമാണ്‌. പക്ഷേ എനിക്ക് എന്റെ ഭർത്താവ്, കുട്ടികൾ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. സൗഹൃദം പങ്കുവയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തു പോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കിൽ, അവൾക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കിൽ ഞാനവരെ വളർത്താൻ സഹായിക്കും എന്നും നടി പറഞ്ഞു.

2009 ൽ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനി നിരവധി സിനിമകളിലൂടെ വേറിട്ട അഭിനയം കാഴ്ചവച്ചിട്ടുള്ള അഭിനേത്രിയാണ്. 2019-ൽ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ ‘ഷിപ്പ് ഓഫ് തെസ്യൂസ്’ എന്ന സിനിമയുടെ സംവിധായകനാണ് ആനന്ദ് ഗാന്ധി. 2018 ൽ പുറത്തിറങ്ങിയ ‘തുംബാദ്’ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും എക്സിക്യൂടീവ് പ്രൊഡ്യൂസറും ആനന്ദ് ആണ്