ജിയോ 5 ജി പ്രഖ്യാപിച്ച് മുകേഷ് അംബാനി; ആദ്യമെത്തുക ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍

ജിയോ 5 ജി പ്രഖ്യാപിച്ച് മുകേഷ് അംബാനി. ദീപാവലിയോടനുബന്ധിച്ച് 5 ജി ലഭ്യമാകുമെന്നാണ് മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാകും ആദ്യം 5 ജി എത്തുക. 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 45-ാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ഡിസംബര്‍ 23നകം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5ജി സേവനങ്ങള്‍ എത്തിക്കാനാണ് നീക്കം. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാര്‍ഷിക പൊതുയോഗം നടക്കുന്നത്. അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത് റിലയന്‍സ് ജിയോ ഇന്‍ഫോകോം ആയിരുന്നു. 24,740 മെഗാഹെര്‍ട്സ് ആണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്വന്തമാക്കിയത്. കഴിഞ്ഞ വാര്‍ഷിക യോഗത്തില്‍ അംബാനി അതിന്റെ ആദ്യ സ്മാര്‍ട്ട്ഫോണായ ജിയോഫോണ്‍ നെക്സ്റ്റ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഷെയര്‍ഹോള്‍ഡര്‍ മീറ്റിംഗില്‍ റിലയന്‍സിന്റെ തലമുറ കൈമാറ്റം വേഗത്തിലാക്കുമെന്ന് അംബാനി സൂചന നല്‍കുകയും ഡിസംബറില്‍ അത് വ്യക്തമായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവര്‍ ഇതിനകം ബിസിനസിന്റെ തലപ്പത്തേക്ക് എത്തിയിട്ടുണ്ട്.