വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി മഹീന്ദ്ര ഫിനാന്‍സ് കമ്പനി ജീവനക്കാര്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ മകളാണ് കൊല്ലപ്പെട്ടത്.
ഇച്ചാക്ക് പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഫിനാന്‍സ് കമ്പനി മുഖേനെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം വായ്പാടിസ്ഥാനത്തില്‍ ട്രാക്ടര്‍ വാങ്ങിയത്. എന്നാല്‍, ഇന്‍സ്റ്റാള്‍മെന്റ് തുക വൈകിയതോടെ മഹീന്ദ്ര ജീവനക്കാര്‍ കര്‍ഷകന്റെ വീട്ടിലെത്തി. ഈ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. വീട്ടുമുറ്റത്തുണ്ടായിരുന്ന ട്രാക്ടര്‍ കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചതോടെ മൂന്നു മാസം ഗര്‍ഭിണിയായ മകളടക്കം എതിര്‍പ്പുമായി രംഗത്തെത്തി. വിഷയത്തെ ചൊല്ലി യുവതിയും ഫിനാന്‍സ് കമ്പനി ജീവനക്കാരും തമ്മില്‍ ഏറെ നേരം തര്‍ക്കമുണ്ടായി. കുടുംബത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ കമ്പനി ജീവനക്കാര്‍ ട്രാക്ടര്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ യുവതി മുന്നില്‍ നിന്ന് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഫിനാന്‍സ് കമ്പനി ജീവനക്കാര്‍ മുന്നോട്ട് വാഹനമെടുത്ത് യുവതിയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുകയാണ് ചെയ്തത്.
യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മഹീന്ദ്ര ഫിനാന്‍സ് മാനേജര്‍, റീക്കവറി ഏജന്റ് അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് രത്തന്‍ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ അനീഷ് ഷാ പ്രതികരിച്ചിട്ടുണ്ട്.