കൊല്‍ക്കത്ത സ്വദേശിയായ ബൈശാഖ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്താതാരമാണ്. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ബൈശാഖിന് ജോലി വാഗ്ദാനം നല്‍കിയത് 1.8 കോടി വാര്‍ഷിക വരുമാനത്തിലാണ്. ഗൂഗിളും ആമസോണുമടക്കം ടെക് ലോകത്തെ ഭീമന്മാരില് പലരും നല്കിയ ഓഫറുകള്‍ നിരസിച്ചാണ് ബൈശാഖ് ഫേസ്ബുക്കിനൊപ്പം ചേരാനൊരുങ്ങുന്നത്.
കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ബൈശാഖ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബൈശാഖിനെ തേടി ഫേസ്ബുക്കിന്റെ സ്വപ്ന തുല്യമായ ഓഫറെത്തിയത്. ബംഗാളിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബൈശാഖിന്റെ അമ്മ അങ്കണവാടി ജീവനക്കാരിയാണ്. മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അമ്മ ഷിബാനി പ്രതികരിച്ചു.
കൊവിഡ് കാലത്ത് വിവിധ കമ്പനികളുടെ പരിശീലന പരിപാടികളില്‍ പങ്കെടുത്തത് ഏറെ ഗുണകരമായെന്ന് ബൈശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. സെപ്റ്റംബറില്‍ ജോലിക്കായി ബൈശാഖ് ലണ്ടനിലേക്ക് പറക്കും.