ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത പ്രേക്ഷകര്‍ കേട്ടത്. ആദ്യപടി കേട്ട വാര്‍ത്തയോട് യോജിക്കാന്‍ കഴിഞ്ഞില്ല, പിന്നീട് ഓരോ ആരാധകരും മനസിനെ പതിയെ പറഞ്ഞ് വിശ്വസിപ്പിച്ചെടുക്കുകയായിരുന്നു. നടന് കലാഭവന്‍ മണിയുടെ മരണത്തോടെ ഒരു നടനെ മാത്രമല്ല ലോകത്തിന് നഷ്ടമായത്, നല്ലൊരു വ്യക്തിയെ കൂടിയാണ്.
ആരാധകരുടെ സ്വന്തം നടന് കലാഭവന്‍ മണി ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഇന്നും മലയാളസിനിമയ്ക്ക് ഒരു തീരാനഷ്ടമാണ് കലാഭവന്‍ മണിയുടെ മരണം. മലയാളികള്‍ ഇത്രകണ്ട് ഇഷ്ടപ്പെട്ട ഒരു നടന് വേറെ ഇല്ലെന്ന് തന്നെ തീര്‍ത്ത് പറയാം. മലയാള മനസില്‍ അത്രയ്ക്കും വലിയ സ്ഥാനമായിരുന്നു പ്രേക്ഷര്‍ മണിക്ക് നല്‍കിയത്. പകരം വെക്കാന്‍ ഇല്ലാത്ത പ്രതിഭയുടെ മരണം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. വിടവാങ്ങിയിട്ട് അഞ്ച് വാര്‍ഷം തികയുമ്പോഴും ഇന്നും ഈ താരം പ്രേക്ഷ മനസില്‍ ജീവിക്കുന്നു.
താരപരിവേഷമില്ലാതെ തികച്ചും ഒരും സാധാരണക്കാരനായാണ് മണി ജീവിച്ചിരുന്നത്. ദുരിതര്ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ മണിക്ക് കഴിഞ്ഞിരുന്നു. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, പിന്നീട് തന്റെ കഴിവ് മിമിക്രി മേഘലയിലും തെളിയിച്ചു. ഇതിന് ശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് സിനിമാമേഘലയിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ നടന് കഴിഞ്ഞു.
പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്ത തന്റെ ഓരോ പ്രകടനത്തിനും വലിയ കൈയ്യടി തന്നെയാണ് ലഭിച്ചത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവാണ്. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും മണി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു. ഇതിനിടെ നാടന്‍ പാട്ടിലും കഴിവ് തെളിയിച്ചു താരം. ഇന്നും മണിനാദത്തിന് ആരാധകര്‍ ഏറെയാണ്. തന്റെ ജീവിതാ അനുഭവങ്ങള്‍ വരിയാക്കി പാടിയപ്പോഴും മണിയെ ആരാധകര്‍ അടുത്തറിയുകയായിരുന്നു.