ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഐ.സി.സി റാങ്കിങിൽ ഇന്ത്യക്ക് ഇറക്കം. രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. ആസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
നീണ്ട ഇടവേളക്ക് ശേഷമാണ് ആസ്ട്രേലിയ ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്തുന്നത്. പുതുക്കിയ റാങ്കിങ് പ്രകാരം 119 പോയിന്റോടെ ആസ്ട്രേലിയ ഒന്നാം സ്ഥാനത്തും 117 പോയിന്റോടെ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തും 116 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പര 4-0ത്തിനാണ് ആസ്ട്രേലിയ സ്വന്തമാക്കിയത്. ഒരു മത്സരം സമനിലയിലായി. പരമ്പര വമ്പൻ മാർജിനലിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുണ്ട്. ടീം ഇനത്തില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിക്കുന്നതിനൊപ്പം ടെസ്റ്റിലെ ബാറ്റിങ്, ബൗളിങ് റാങ്കിങ്ങിലും ഒന്നാമത് ഓസീസ് താരങ്ങളാണ്.