ഇസ്ലാമാബാദ്: ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തതിന് 18 വയസ്സുകാരിയെ കൊലപ്പെടുത്തി കുടുംബം. പാകിസ്താനിലെ കൊഹിസ്താന്‍ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം.
നൃത്തത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു ദുരഭിമാനക്കൊല. വീഡിയോയിലുണ്ടായിരുന്ന മറ്റൊരു കുട്ടി പൊലീസ് ഇടപെട്ടതോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നൃത്തത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ, പ്രാദേശിക കൗണ്‍സില്‍ (ജിര്‍ഗ) കുട്ടിയെ കൊല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു, ഇതു പ്രകാരമാണ് പെണ്‍കുട്ടിയുടെ കുടുംബം കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അതേ വീഡിയോയിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും ജിര്‍ഗ വധശിക്ഷ വിധിച്ചെങ്കിലും പൊലീസ് ഇടപെട്ടതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തന്റെ വീട്ടുകാര്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞതോടെ വീട്ടുകാരുടെ കൂടെ ഈ കുട്ടിയെ വിട്ടു.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം വീഡിയോയില്‍ ഉള്ള ആണ്‍കുട്ടികള്‍ ഒളിവിലാണ്.