പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുകയാണ് പാകിസ്താനിലെ ജനത. ദശലക്ഷക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ട് നിരവധി പേര് സഹായത്തിനായി കേഴുമ്പോള്‍ പ്രളയബാധിതര്‍ക്കായി വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ് ഒരു ഹിന്ദു ക്ഷേത്രം. ബലൂചിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിലുള്ള ക്ഷേത്രമാണ് മുന്നൂറോളം പേര്‍ക്ക് കിടക്കാനിടവും ഭക്ഷണവും നല്കി ആശ്വാസമാകുന്നത്.
കാച്ചി ജില്ലയിലെ ജലാല്‍ ഖാന് ഗ്രാമത്തിലുള്ള ബാബ മധോദസ് മന്ദിര്‍ ആണ് പ്രളയബാധിതര്‍ക്ക് ആശ്വാസമാകുന്നത്. ഉയര്‍ന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കം ഇവിടെ കാര്യമായി ബാധിച്ചിട്ടില്ല. നാരി, ബോലാന്‍, ലെഹ്രി നദികളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഗ്രാമം മറ്റ് പ്രവിശ്യകളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ വലയുന്ന ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കുമായി പ്രാദേശിക ഹിന്ദു സമൂഹം ബാബ മധോദസ് മന്ദിറിന്റെ വാതിലുകള്‍ തുറന്നുകൊടുത്തതായി ഡോണ്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, വിഭജനത്തിനു മുമ്പുള്ള ഒരു ഹിന്ദു സന്യാസിയായിരുന്നു ബാബ മധോദസ്, പ്രദേശത്തെ മുസ്ലിമുകളും ഹിന്ദുക്കളും ഒരുപോലെ ആദരിച്ച വ്യക്തിയാണ് അദ്ദേഹം. മതപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജാതിക്കും മതത്തിനും പകരം മനുഷ്യത്വത്തിന്റെ കണ്ണാടിയിലൂടെയാണ് അദ്ദേഹം ജനങ്ങളെ കണ്ടിരുന്നതെന്നും പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു.
ഭാഗ് നാരി തഹസില്‍ദാര്‍ കടയുടമ രത്തന്‍ കുമാറിനാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ ചുമതല. എല്ലാ വര്‍ഷവും ബലൂചിസ്ഥാനില്‍ നിന്നും സിന്ധില്‍ നിന്നും ധാരാളം ആളുകള്‍ തീര്‍ത്ഥാടനത്തിനായി ഇവിടെയെത്തുന്നുണ്ട്. ക്ഷേത്രത്തില്‍ നൂറിലധികം മുറികളാണുള്ളത്.