കൊച്ചി: റോബിന് ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു.
മോട്ടോര്‍ വാഹനവകുപ്പ് നടപടിയെ താത്ക്കാലികമായിട്ടാണ് മരവിപ്പിച്ചത്. ഡിസംബര്‍ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
പെര്‍മിറ്റ് കാലാവധി അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കില്‍ പിഴ ഈടാക്കി വിട്ട് നല്‍കണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു റോബിന് ബസിന്റെ പെര്‍മിറ്റ് ഗതാഗത സെക്രട്ടറി റദ്ദാക്കിയത്. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ചൂണ്ടികാട്ടിയാണ് റോബിന് ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയത്.
2023ലെ ആള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അക്കാരണത്താല്‍ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ടായിരുന്നു.