യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചതിന് എടുത്ത കേസിലായിരുന്നു സൂരജ് പാലാക്കാരന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. എറണാകുളം സൗത്ത് പൊലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരേ പരാതി നല്കിയ അടിമാലി സ്വദേശിനിയുടെ പരാതിയില്‍ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. ടി പി നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെക്കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.