അമേരിക്കയിൽ കൊല്ലപ്പെട്ട ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റു. ജോർജ് ഫ്ളോയിഡിന്റെ സഹോദരിയുടെ പേരക്കുട്ടിയായ അരിയാന ഡെലാനെയ്ക്കാണ് വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ വെടിയേറ്റത്.
പുതുവത്സരദിനത്തിൽ ടെക്സാസിലെ സൗത്ത് ഹൂസ്റ്റണിലായിരുന്നു സംഭവം. അപ്പാർട്ട്മെന്റിലെ രണ്ടാംനിലയിൽ നാല് മുതിർന്നവരും അരിയാന അടക്കം രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവർ ഉറങ്ങുന്നതിനിടെയാണ് അരിയാനയ്ക്ക് വെടിയേറ്റത്. കിടപ്പുമുറിയുടെ മുന്നിലായിരുന്നു അരിയാന ഉറങ്ങിയിരുന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
വെടിയേറ്റ് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും ഗുരുതരമായ പരുക്കേറ്റെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.