മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞതോടെ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്കൂള്‍ കെട്ടിടത്തിന് തീയിട്ടു. ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയാക്കി. പട്നയിലെ ‘ടിനി ടോട്ട് അക്കാദമി’ എന്ന സ്കൂളിലാണ് സംഭവം.
സ്കൂളിലേക്ക് പോയ മൂന്നുവയസ്സുകാരന് തിരിച്ചെത്താതിനാലാണ് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്. ബന്ധുക്കള്‍ സ്കൂളിലെത്തി അന്വേഷിച്ചെങ്കിലും ഇവരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു സ്കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സ്കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരുവിലിറങ്ങിയത്. സ്കൂളിന് നേരേ ആക്രമണം അഴിച്ചുവിട്ട ഇവര്‍ കെട്ടിടത്തിന് തീയിട്ടു. വാഹനങ്ങളും കത്തിച്ചു.