ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; 56 കാരന്റെ വൃക്കയില്‍ നിന്ന് നീക്കിയത് 206 കല്ലുകള്‍

തെലങ്കാനയില്‍ 56കാരന്റെ വൃക്കയില്‍ നിന്ന് നീക്കിയത് 206 കല്ലുകള്‍. ഹൈദരാബാദിലെ അവെയര്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ഹോസ്പിറ്റലിലാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ ഒരു മണിക്കൂര്‍ നീണ്ടു നിന്നു.

നാല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്റെ വൃക്കയില്‍ നിന്നാണ് കല്ലുകള്‍ നീക്കം ചെയ്തത്. കഴിഞ്ഞ ആറു മാസമായി വീരമല്ല കടുത്ത വയറുവേദന അനുഭവിക്കുകയായിരുന്നു. വീടിന് അടുത്തുള്ള ഡോക്ടറെ കണ്ടു. എന്നാല്‍ അദ്ദേഹം നല്‍കിയ മരുന്ന് താത്കാലിക ആശ്വാസം മാത്രമാണ് നല്‍കിയത്. ഒടുവില്‍ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ബൈരമാല്‍ഗുഡയിലെ അവയര്‍ ഗ്ലോബല്‍ ഹോസ്പിറ്റലിലെത്തുകയായിരുന്നു.

ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. പൂല നവീന്‍ കുമാറിര്‍ വീരമല്ലയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ നിര്‍ദേശിച്ചു. നവീന്‍ കുമാറിനൊപ്പം കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. വേണു മന്നെ, അനസ്ത്യേഷോളജിസ്റ്റ് ഡോ. മോഹന്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയക്ക് ശേഷം വീരമല്ല ആശുപത്രി വിട്ടു.