ആന്ധ്രാപ്രദേശില്‍ ആശുപത്രിയില്‍ തീപിടിത്തം; ഡോക്ടറും രണ്ട് മക്കളും മരിച്ചു

ആന്ധ്രാപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഡോക്ടറും രണ്ട് മക്കളും മരിച്ചു. ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. ചിറ്റൂരിലെ കാര്‍ത്തികേയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഡോ. രവിശങ്കര്‍ റെഡ്ഡിക്കും രണ്ട് മക്കള്‍ക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡോക്ടറുടെ ഭാര്യയും അമ്മയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഡോക്ടറും 9 വയസുള്ള പെണ്‍കുട്ടിയും 14 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. കാര്‍ത്തികേയ ആശുപത്രി കെട്ടിടത്തിലാണ് ഡോ. രവിശങ്കര്‍ റെഡ്ഡിയും കുടുംബവും താമസിച്ചിരുന്നത്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് കെട്ടിടത്തില്‍ തീപടര്‍ന്നത്. ഡോ. റെഡ്ഡി രണ്ടാം നിലയിലായിരുന്നു. തീ ആളിപ്പടരുന്നതുകണ്ട് ഗോവണിയിറങ്ങുന്നതിനിടെ ശരീരത്തില്‍ തീ പടര്‍ന്നതാവാമെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാതില്‍ തകര്‍ത്താണ് കുട്ടികളെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം അമിതമായി ശ്വാസകോശത്തില്‍ എത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടറുടെ ഭാര്യ ഡോ. അനന്തലക്ഷ്മിയും അമ്മ രാമസുബമ്മയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.