വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. നടന് ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു.
ഐഎഫ്എഫ്കെ ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചത് താനാണ്. ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ല. ഇതിലും വലിയ കാറ്റ് വന്നിട്ട് താന്‍ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവനയെ കൊണ്ടുവന്നത് തെറ്റായിപ്പോയി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാന്‍ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താന്‍ ദിലീപിനെ ന്യായീകരിക്കുന്നില്ല. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടും രഞ്ജിത്ത് പ്രതികരിച്ചു. ദിലീപിനെ കാണാന്‍ നടന് സുരേഷ് കൃഷ്ണ പോയപ്പോള്‍ കൂടെ പോയതാണ്. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു.