യുഎഇയിലെ പ്രവാസി മലയാളികള്‍ക്ക് സഹായവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. യൂഎഇയിലെ പ്രവാസി മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയന് സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടന് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന് രംഗത്ത് വന്നിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം യൂഎഇയിലെ പ്രവാസി മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയനും അവരുടെ നാട്ടിലെ മാതാ പിതാക്കള്‍ക്ക് ‘ആശുപത്രികളില്‍ വ്യക്തിഗത പരിചരണവും’ സൗജന്യമായി ലഭ്യമാക്കും.
കേരളത്തിലെ മുന്‍ നിര ഹോസ്പിറ്റലുകള്‍ പങ്കാളികള്‍ ആകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആലുവ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിലെ മുന്‍നിര ഹോസ്പിറ്റലുകള്‍ പങ്കാളികള്‍ ആകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. പദ്ധതിയെ കുറിച്ചുളള വിവരങ്ങള്‍ നടന് മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
മമ്മൂട്ടിയുടെ പോസ്റ്റ്-
യൂ എ ഇ യിലെ പ്രവാസി മലയാളികള്‍ക്ക് മെഡിക്കല്‍ സെക്കന്റ് ഒപ്പീനിയനും അവരുടെ നാട്ടിലെ മാതാ പിതാക്കള്‍ക്ക് ‘ആശുപത്രികളില്‍ വ്യക്തിഗത പരിചരണവും’ സൗജന്യമായി ലഭ്യമാക്കുവാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ഫാമിലി കണക്റ്റ് ‘ പദ്ധതി അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ യൂ എ ഇ യിലെ ഇന്ത്യന്‍ അംബാസിഡര്‍ സുന്ജയ് സുധീര്‍ യൂ എ ഇ പ്രവാസി മലയാളികള്‍ക്ക് സമര്‍പ്പിച്ചു. കേരളത്തിലെ മുന്‍ നിര ഹോസ്പിറ്റലുകള്‍ പങ്കാളികള്‍ ആകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആലുവ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവരങ്ങള്‍ക്ക് : 0542893001( UAE ) / +918590965542 (Kerala)
പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അതിവിദഗ്ദ ഡോക്ടര്‍മാര്‍ സമയബന്ധിതമായി മറുപടി നല്‍കുന്നതോടൊപ്പം, പ്രവാസികളുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക്, അവര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മക്കള്‍ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണല്‍ വോളന്റിയര്‍ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
നാട്ടില്‍ ചെല്ലാതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ യുഎഇയില്‍ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ പദ്ധതി യുഎഇ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും.