കുട്ടിക്കാലത്ത് ഏറെ കളിയാക്കലുകൾ കേട്ടിരുന്നെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ക്രിക്കറ്റിൽ എന്തെങ്കിലുമൊക്കെയാകുമോ എന്നായിരുന്നു നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളെന്ന് സഞ്ജു പറയുന്നു.
ചെറുപ്പത്തിൽ ക്രിക്കറ്റ് കിറ്റ് തനിയെ എടുക്കുക പ്രയാസമായിരുന്നു. കിറ്റുമായി അച്ഛനും അമ്മയും ബസ് സ്റ്റാൻഡിലേക്ക് വരും. ഇത് കണ്ട് ചിലരൊക്കെ സച്ചിനും അച്ഛനും പോകുന്നുവെന്ന് പറഞ്ഞു കളിയാക്കുമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
രജനീകാന്തിന്റെ കട്ട ഫാനാണ് താനെന്ന് സഞ്ജു പറയുന്നു. രജനി സിനിമകളെല്ലാം വിടാതെ കാണും. ഡയലോഗുകളൊക്കെ മനപാഠം പഠിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഭക്ഷണകാര്യത്തിലേക്ക് വന്നാൽ മറുപടി ഇങ്ങനെ… അമ്മയും ഭാര്യയും ഉണ്ടാക്കിത്തരുന്ന എന്തും ഇഷ്ടമാണെന്ന് സഞ്ജു പറയുന്നു. ‘കടലിനടുത്താണ് വീട്. രാവിലെ നല്ല മീൻ കിട്ടും. അമ്മ ഒന്നാംതരം മീൻ കറി ഉണ്ടാക്കി തരും. കപ്പയും മീനുമാണ് ഇഷ്ട ഭക്ഷണമെന്നും സഞ്ജു കൂട്ടിച്ചേർത്തു.