രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കുയര്‍ന്നു. 24 മണിക്കൂറിനിടെ 1,41,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 129 പേര് കൊവിഡ് രോഗം ബാധിച്ച് മരിച്ചു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് നേരിട്ട കടുത്ത ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാനുളള മുന്നൊരുക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
പ്രതിദിന രോഗികളുടെ എണ്ണം എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പതിനായിരം കവിഞ്ഞത്. മൂന്നാം തരംഗം അതിവേഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനിടെ 35 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ ആശങ്കയും വര്‍ധിക്കുകയാണ്. 26 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഒമിക്രോണ്‍ ബാധ സ്ഥീരീകരിച്ചത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കികാണുന്നത്.
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കികൊണ്ടുളള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയെന്ന വാര്‍ത്ത ആരോഗ്യമന്ത്രാലയം നിഷേധിച്ചു. ഓക്സിജന്‍ പ്ലാന്റുകള്‍, സിലിണ്ടറുകള്‍, എന്നിവ ഉറപ്പുവരുത്തേണ്ടത് ഉത്തരാവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.