വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷിച്ച എസ്.പി എം.ജെ സോജനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. പാലക്കാട് പോക്സോ കോടതിയാണ് കേസ് എടുത്തത്.
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന തരത്തിലായിരുന്നു സോജന്റെ പ്രതികരണം. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം കഴിഞ്ഞ് മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ ഒന്‍പത് വയസുള്ള സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷിയായിരുന്നു സഹോദരി.