വംശനാശഭീഷണി നേരിടുന്ന സ്രാവിനെ പിടിച്ചുതിന്ന വ്ളോഗര്‍ക്കെതിരെ പൊലീസ് അന്വേഷണം. ചൈനയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെയാണ് വ്ളോഗര്‍ പിടികൂടിയത്. ടിസി എന്ന് പേരില്‍ അറിയപ്പെടുന്ന ചൈനീസ് വ്ളോഗറാണ് കുരുക്കില്‍പ്പെട്ടത്. സ്രാവിന്റെ ഇറച്ചി വളരെ സ്വാദുള്ളതാണെന്നും തന്നെക്കാള്‍ വലിപ്പമുള്ള സ്രാവാണിതെന്നും പരിചയപ്പെടുത്തിയാണ് വ്ളോഗര്‍ വിഡിയോ ചെയ്തത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വംശനാശ ഭീഷണി നേരിടുന്നവരുടെ പട്ടികയില്‍ ഉള്ളതാണ് വെള്ളസ്രാവ്. ഇതിനെയാണ് വ്ളോഗര്‍ പിടികൂടി ഭക്ഷണമാക്കിയത്. വിഡിയോ നീക്കം ചെയ്തെങ്കിലും വ്ലോഗര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത്.