ബംഗളൂരിലെയും ഭോപ്പാലിലെയും മുന്‍നിര സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് കമ്പ്യൂട്ടര്‍ പ്രോഗാമറായ പതിനേഴ് വയസുകാരന് നിര്‍മിച്ച ബോട്ടുകളില്‍ നിന്നെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശിയായ ഒരാള്‍ക്ക് വേണ്ടി നിര്‍മിച്ച ബോട്ടുകള്‍ 200 ഡോളര്‍ ബിറ്റ്കോയിന് വേണ്ടിയാണ് കൗമാരക്കാരന് നിര്‍മിച്ചു നല്‍കിയത്. അജ്ഞാതനായ ഉപയോക്താവ് ഒന്നിലധികം ഇമെയില്‍ ഐഡികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബോട്ടുകള്‍ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് പതിനേഴുകാരന് നോട്ടിസ് അയക്കാനാണ് മധ്യപ്രദേശ് പൊലീസിന്റെ തീരുമാനം. യഥാര്‍ത്ഥ പ്രതി അജ്ഞാതനായ വിദേശ പൗരനാകാമെന്നും കൗമാരക്കാരന് ഹോസ്റ്റ് ചെയ്ത ബോട്ടുകള്‍ ബോംബ് സന്ദേശം അയക്കാന്‍ ഉപയോഗിച്ചതാകാമെന്നുമാണ് പൊലീസ് പറയുന്നത്.
ബംഗളൂരുവിലെ സ്കൂളുകളില്‍ ഏപ്രില്‍ മാസത്തില്‍ ഇ മെയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മേയില്‍ ഭോപ്പാലിലെ പതിനൊന്ന് പ്രമുഖ സ്കൂളുകളിലേക്കും ബോംബ് ഭീഷണി ഇമെയിലുകള്‍ വന്നിരുന്നു.