കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് തത്വത്തിൽ അനുമതിയായി. ഭാരത് ബയോടെക്കിൻ്റെ, മൂക്കിലൂടെ നൽകാവുന്ന വാക്സിന്റെ തുടർഘട്ട പരീക്ഷണത്തിനാണ് അനുമതി. ഡിസിജിഐ വിദഗ്ധ സമിതിയാണ് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്നാട് അതിർത്തി ചെക്ക്പോസ്ററുകളിൽ പരിശോധന കർശനമാക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളൂ.