പിറന്നാള്‍ ദിനത്തില്‍ പലര്‍ക്കും പലതരത്തിലുള്ള ആഗ്രഹങ്ങളായിരിക്കും. പുതിയ കാലത്ത് പുത്തന്‍ മൊബൈല്‍ ഫോണുകളും വിലകൂടിയ ഗാഡ്ജറ്റുകളും സമ്മാനമായി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇവിടെ ഒരു വയോധികയുടെ പിറന്നാള്‍ ദിനത്തിലെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ. നൂറാം വയസിലാണ് മുത്തശ്ശി തന്റെ ആഗ്രഹം സഫലമാക്കിയത്.
അടുത്തിടെയാണ് ജീന്‍ ബിക്കറ്റണ് എന്ന മുത്തശ്ശി അവരുടെ നൂറാം ജന്മദിനം ആഘോഷിച്ചത്. ഈ പിറന്നാളിന് അറസ്റ്റിലാകണം എന്നതായിരുന്നു അവരുടെ ആഗ്രഹം. മുത്തശ്ശിയുടെ ആഗ്രഹം വിക്ടോറിയ പൊലീസും അറിഞ്ഞു. പിറന്നാള്‍ ആഘോഷവേദിയിലെത്തി മുത്തശ്ശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിക്ടോറിയ പൊലീസ് തന്നെയാണ് ബിക്കറ്റണിനെ ‘ഔദ്യോഗികമായി അറസ്റ്റ് ചെയ്തകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മൂന്ന് യുവ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം വിലങ്ങണിയിച്ച മുത്തശ്ശിയുടെ ചിത്രവും പൊലീസ് പോസ്റ്റ് ചെയ്തു. ‘ഇത് ഏറ്റവും മികച്ച പിറന്നാളാഘോഷമായിരുന്നെന്ന് ജീന്‍ തങ്ങളോട് പറഞ്ഞു. അവര്‍ക്ക് മികച്ച അനുഭവം നല്കാന് സഹായിച്ചതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ജീനിന് നൂറാം ജന്മദിനാശംസകള്’; പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു. നിരവധി പേരാണ് ജീന്‍ ബിക്കറ്റണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.