മലയാളത്തിലെ ഏറ്റവും ജനപ്രിയ കോമ്പിനേഷനാണ് മോഹൻലാൽ – പ്രിയദർശൻ കോംബോ. മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകൾക്ക് ജന്മം നൽകിയ ഒരു കൂട്ടുകെട്ട് കൂടിയാണ് ഇത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരും ഒന്നിച്ചതിൽ ഏറ്റവും മികച്ച സിനിമ ഏതാണ് എന്ന ചോദ്യത്തിനോട് ഇരുവരും പ്രതികരിച്ചത് ഒരുപോലെയായിരുന്നു. “ഞങ്ങളുടെ ഏറ്റവും മികച്ച സിനിമ ഇനി സംഭവിക്കാനിരിക്കുന്നതേയുള്ളൂ..”.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും അവരുടെ സൗഹൃദവും പഴയകാല സിനിമകളെയും ഓർത്തെടുത്തത്. ഒരിക്കൽ വിജയിച്ച ഫോർമുല പിന്നെയും പിന്നെയും പ്രയോഗിക്കുന്നതിൽ തങ്ങൾക്ക് താല്പര്യമില്ല എന്നും എപ്പോഴും മാറ്റത്തിനൊപ്പം നീങ്ങുന്നതാണ് ഉചിതമെന്നും ഇരുവരും കൂട്ടിച്ചേർത്തു. പല വിഭാഗങ്ങളിലുള്ള സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുവാൻ ആണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും പ്രിയദർശൻ പറയുന്നു.
സിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾ തങ്ങളുടെ കരിയറുകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നും ചന്ദ്രലേഖ പോലെയുള്ള സിനിമകൾ ഇനിയങ്ങോട്ട് സ്വീകാര്യം ആവില്ല എന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു. സംഭാഷണങ്ങളും മാനറിസങ്ങളും ഉപയോഗിച്ച് ഹാസ്യം അവതരിപ്പിക്കുന്നത് ഇനിമുതൽ സാധ്യമല്ല എന്നും സിറ്റുവേഷണൽ കോമഡിയാണ് ഇപ്പോൾ പ്രേക്ഷകർക്ക് സ്വീകാര്യം എന്നും സംവിധായകൻ പറയുന്നു.
മരക്കാർ – അറബിക്കടലിന്റെ സിംഹം ആണ് ഈ കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ട ചിത്രം ആയിരുന്നു മരക്കാർ. എന്നാൽ പിന്നീട് കൊറോണ സാഹചര്യം കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നുകൂടിയാണ് മരയ്ക്കാർ.
https://www.facebook.com/100390318290703/videos/362141248135124/?v=362141248135124