കസ്റ്റമര്‍മാരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വഴങ്ങാതെ വന്നപ്പോള്‍ 19കാരിയെ കൊലപ്പെടുത്തി; ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ഇടിച്ചു നിരത്തി

ഉത്തരാഖണ്ഡില്‍ പത്തൊന്‍പതുകാരിയെ കൊലപ്പെടുത്തിയല്‍ വ്യാപക പ്രതിഷേധം. റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തിയ കസ്റ്റമര്‍മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍െപ്പെടാന്‍ പെണ്‍കുട്ടി വഴങ്ങിയിരുന്നില്ല. ഇതേതുടര്‍ന്നാണ് കൊലപാതകമെന്ന് പിതാവ് ആരോപിച്ചു.

ഉത്തരാണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള ഋഷികേശിലെ ‘വനതാര’ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്ന ശേഷവും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. റിസോര്‍ട്ടിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ദിവസങ്ങള്‍ക്കുമുന്‍പ് അങ്കിത സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം അങ്കിതയെ കാണാതായി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ വന്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീകൊളുത്തി. ഇതിനുശേഷമാണ് പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ നിര്‍ദേശപ്രകാരം വിവാദ റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ റിസോര്‍ട്ടുകളിലും അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.