ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാകിസ്താന് സ്വദേശിക്ക് വധശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിര്‍മാണ തൊഴിലാളിയായ 26കാരനായ പാകിസ്താന് സ്വദേശിക്കാണ് വധശിക്ഷ വിധിച്ചത്.
2020 ജൂണ്‍ പതിനേഴിനായിരുന്നു കൊലപാതകം. ദമ്പതികളുടെ വില്ലയ്ക്ക് പുറത്ത് ആറ് മണിക്കൂര്‍ ഒളിച്ചു നിന്ന ശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്ത് പ്രവേശിച്ച് കൊലപാതകം നടത്തിയത്. 2019 ല്‍ വില്ലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു പ്രതി. ഇതിനിടെ പണവും സ്വര്‍ണാഭരണങ്ങളും കാണുകയും മോഷ്ടിക്കാന്‍ പദ്ധതിയിടുകയുമായിരുന്നു.
സംഭവ ദിവസം രാത്രി വില്ലയില്‍ പ്രവേശിച്ച പ്രതി ആദ്യം താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന 1965 ദിര്‍ഹം മോഷ്ടിച്ചു. പിന്നീട് കൂടുതല്‍ അന്വേഷിച്ച് മുകളിലത്തെ നിലയിലെത്തി. മേശവലിപ്പ് തുറക്കുന്ന ശബ്ദം കേട്ട് വിധി ഉണരുകയും ഇവരെ ഭയപ്പെടുത്താന്‍ ആദ്യം ഹിരണിനേയും പിന്നാലെ വിധിയേയും കൊലപ്പെടുത്തുകയായിരുന്നു.