തീയേറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്ത് ചിത്രം സുനാമി പ്രേക്ഷകരിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. കുറെകാലത്തിന് ശേഷമാണ് ഇത്രയും കോമഡി നിറഞ്ഞ ഒരു സിനിമ പ്രേക്ഷകര്‍ കാണുന്നത്. ചിത്രം പുറത്ത് വന്നതോടെ സുനാമിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല എന്ന പൊതു അഭിപ്രായം ആണ് പുറത്ത് വന്നത്. സുനാമിയെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സന്തോഷത്തിലാണ്.
അതേസമയം 2021 ലെ ആദ്യത്തെ കോമഡി സൂപ്പര്‍ ഹിറ്റ് ചിത്രം സുനാമി ആവുമെന്ന സൂചനയും പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ട്. ലാലും മകന് ജീന്‍ പോള്‍ ലാലും ചേര്‍ന്നു ഏറെ രസകരമായ രീതിയില്‍ തന്നെയാണ് ഈ ചിത്രമൊരുക്കിയത്. നടന് ഇന്നസെന്റാണ് ഇതിലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം. നടന്റെ കഥയ്ക്ക് ലാല്‍ തന്നെയാണ് തിരക്കഥയും രചിച്ചത്.
ഒട്ടുമിക്ക ജനപ്രിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഇവരെല്ലാം ഒന്നിക്കുമ്പോള്‍ ചിത്രം ഗംഭീരം എന്ന് പറയാതിരിക്കാന്‍ പറ്റില്ല. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ് ബാലു വര്‍ഗീസ്, മുകേഷ്, അജു വര്‍ഗീസ് സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിവര്‍.
വേണ്ടത്ര ഉപ്പും മുളകും ചേര്‍ത്ത് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിരിക്കൊപ്പം ചില കുടുംബ മുഹൂര്‍ത്തങ്ങളും സിനിമയില്‍ കാണാം. സുനാമി യൂത്തും കുടുംബ സദസ്സും ഒരു പോലെ ഏറ്റെടുത്തിരിക്കുകയാണ്. കഥാസന്ദര്‍ഭങ്ങളിലെ ലോജിക്കിന് പുറകെ പോകാതെ എല്ലാം മറന്നു ചിരിക്കാനുള്ള മരുന്നാണ് സുനാമി എന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകന് നല്‍കുന്നത് എന്ന് പറയാം.