ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 23നാണ് 26കാരന് അറസ്ര്റിലായത്. ഖഡ്കാരി സ്വദേശിയായ പ്രതി മുന്‍ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെത്തിയ പ്രതി കഴിഞ്ഞ വെള്ളിയാഴ്ച അതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതേ ഇടത്തു വച്ചായിരുന്നു മുമ്പും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലടച്ചു. ഐപിസിയിലേയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.