മകള്‍ നിലത്ത് തളര്‍ന്നിരിക്കുമ്പോള്‍ അവളുടെ ബ്ലഡ് ബാഗും പിടിച്ചു നില്ക്കുന്ന ഒരു അമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മധ്യപ്രദേശില്‍ നിന്നുള്ളതാണ് ഈ ചിത്രം. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അനാസ്ഥ വെളിപ്പെടുത്തുന്നതാണ് അക്ഷരാര്‍ത്ഥത്തില്‍ ചിത്രം. സത്ന ജില്ലയിലെ ആശുപത്രിയിലാണ് സംഭവം നടന്നത്.
രക്തക്കുറവുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് 15 കാരിയും അമ്മയും ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥലമില്ലാത്തതിനാല്‍ തറയില്‍ കിടക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാല്‍ രക്തം കയറ്റണമെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. ഇതോടെ ബ്ലഡ് ബാഗുമായി അമ്മയ്ക്ക് നില്‍ക്കേണ്ടി വന്നു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാളാണ് ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രം വൈറലായതോടെ നടപടിയെടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.അശോക് അവാധ്യയോട് സംഭവസ്ഥലത്തെത്തി അന്വേഷിക്കാന്‍ കളക്ടര്‍ അനുരാഗ് വര്‍മ ചുമതലപ്പെടുത്തി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൈഹാര്‍ ആശുപത്രി ചുമതലയുള്ള ഡോ. പ്രദീപ് നിഗം, സ്റ്റാഫ് നഴ്സ് അഞ്ജു സിംഗ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. ഇവരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.