ഏഷ്യാ കപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതിനിടെ ക്രിക്കറ്റ് ലോകം ഏറ്റവും അധികം ഉറ്റു നോക്കുന്നത് വിരാട് കോലിയെയാണ്. കഴിഞ്ഞ കുറേ നാളുകളായി താരം ഫോമിലല്ലാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ ഏഷ്യാ കപ്പിന് മുന്നോടിയായുള്ള പരിശീലത്തില്‍ മികച്ച പ്രകടനമാണ് കോലി കാഴ്ചവച്ചത്. ഇതിന്റെ വിഡിയോ ബിസിസിഐ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാണ്. ടീമിനെ ജയിപ്പിക്കാന്‍ അവസാന ശ്വാസം വരെ ശ്രമിക്കും എന്നാണ് കോലിയുടെ വാക്കുകള്‍.
ഉണരുമ്പോള്‍ ഈ ദിവസം നിക്ക് എങ്ങെനെയാകുമെന്ന് ചിന്തിക്കുന്ന ഒരാളാണ് താനെന്ന് കോലി പറയുന്നു. താന്‍ ഭ?ഗമാകുന്ന എല്ലാ കാര്യങ്ങളിലും പൂര്‍ണ സന്തോഷത്തോടെയും ആത്മാര്‍ഥതയോടെയും ഇടപെടണമെന്നതും തന്റെ ആഗ്രഹമാണ്. നിങ്ങള്‍ എങ്ങനെയാണ് ഇത്ര തീവ്രതയോടെ മുന്നോട്ട് പോകുന്നത് എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ക്രിക്കറ്റ് കളിക്കുന്നത് താനിഷ്ടപ്പെടുന്നു എന്നാണ് താനവരോട് പറയാറ്. നിങ്ങള്‍ എങ്ങനെ ഇത്ര ഊര്‍ജം നിലനിര്‍ത്തുന്നു എന്നാണ് പുറത്തുനിന്നുള്ള ആളുകളും ടീമിലുള്ളവരും തന്നോട് ചോദിക്കുന്നുത്. എന്ത് വിലകൊടുത്തും ടീമിനെ ജയിപ്പിക്കുകയാണ് ലക്ഷ്യം എന്ന് താന്‍ ലളിതമായി അവരോട് പറയും’ എന്നും വിരാട് കോലി ബിസിസിഐയുടെ വിഡിയോയില്‍ പറഞ്ഞു.
2019 നവംബറിലാണ് കോലി അവസാനമായി രാജ്യാന്തര സെഞ്ചുറി നേടിയത്. ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങിയ കോലി വിന്‍ഡീസിനും സിംബാബ്വെക്കും എതിരായ പരമ്പരകളില്‍ നിന്ന് വിട്ടുനിന്ന ശേഷം കരുത്തോടെ ഏഷ്യാ കപ്പില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. നാളെ നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി കോലി എല്ലാ പരിശീലന സെഷനിലും പങ്കെടുത്തു. ഇന്ത്യന്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ച് കോലി ബാറ്റേന്തുന്ന ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.