ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് ബാലന് നേരെ അതിക്രമം. താക്കൂര്‍ ജാതിയില്‍ പെട്ട സംഘം ദളിത് ബാലനെ മര്‍ദിക്കുകയും കാല് നക്കിക്കുകയും ചെയ്തു. റായ്ബലേറിയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ. വിഡിയോയില്‍ കുട്ടി നിലത്ത് മുട്ട് കുത്തി ഇരിക്കുന്നത് കാണാം. ബൈക്കിലിരിക്കുന്ന ഒരു യുവാവ് തന്റെ കാല് കുട്ടിയുടെ ചെവിയിലാണ് വച്ചിരിക്കുന്നത്. താക്കൂര്‍ എന്ന് പറയൂ എന്ന് കുട്ടിയോട് ആവശ്യപ്പെടുന്നു. മറ്റൊരു യുവാവ് ഇനി ഇത്തരം തെറ്റ് നീ ആവര്‍ത്തിക്കുമോ എന്ന് കുട്ടിയോട് ചോദിക്കുന്നുണ്ട്.
ഏപ്രില്‍ 10 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ആക്രമിക്കപ്പെട്ട കുട്ടി പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ചിലരുടെ ഉടമസ്ഥതയിലുള്ള വയലുകളില്‍ കുട്ടിയുടെ അമ്മ ജോലി ചെയ്തിരുന്നു. ഇതിന്റെ കൂലി കുട്ടി ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.