മധ്യപ്രദേശില്‍ ഒരു വിഐപി മരമുണ്ട്. പ്രതിവര്‍ഷം പന്ത്രണ്ട് ലക്ഷം രൂപയാണ് ഈ മരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് കൂടാതെ മെഡിക്കല്‍ പരിശോധനയും സംരക്ഷണത്തിനായി സെക്യൂരിറ്റി ഗാര്ഡുമെല്ലാമുണ്ട്. ഒരു പക്ഷേ രാജ്യത്തെ ആദ്യത്തെ വിഐപി മരമായിരിക്കും ഇത്.
സല്മത്പൂരിലെ ഒരു കുന്നിന് മുകളിലാണ് സവിശേഷമായ ഈ വൃക്ഷം നിലനില്‍ക്കുന്നത്. ബോധിവൃക്ഷമെന്നതാണ് ഇതിന്റെ പ്രത്യേകത. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനും വിദിഷ പട്ടണത്തിനും ഇടയില്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ സാഞ്ചി ബുദ്ധ കോംപ്ലക്സില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായിട്ടാണ് മരം വളരുന്നത്. ഈ മരത്തെ സംരക്ഷിക്കാനായി 4 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയമെന്നോണം അവിടെ കാവല്‍ നില്‍ക്കുന്നുണ്ട്. ഇതിന്റെ ഒരു കൊമ്പ് ഒടിഞ്ഞു വീണാല്‍ പോലും ജില്ലാ ഭരണകൂടത്തിന്റെ ഉറക്കം കെടും. പതിനഞ്ച് ദിവസം കൂടുമ്പോള്‍ മരത്തിന്റെ മെഡിക്കല്‍ പരിശോധന നടക്കും. ഈ മരം സന്ദര്‍ശിക്കാന്‍ എല്ലാ ആഴ്ചയും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്താറുണ്ട്.
2012 സെപ്തംബര്‍ 21-ന് അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയാണ് ഈ വൃക്ഷം നട്ടുപിടിപ്പിച്ചത്. ബുദ്ധമതത്തില്‍ ഇതിനുള്ള പ്രാധാന്യമാണ് ഇത് സംരക്ഷിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം. ബുദ്ധന് ബോധോദയം ലഭിച്ചത് ബോധഗയയിലെ ഈ മരത്തിന്റെ ചുവട്ടിലാണ് എന്നാണ് ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നത്. 15 അടിയോളം ഉയരമുള്ള ഇരുമ്പ് വലയ്ക്കുള്ളില്‍ സദാസമയവും ഹോം ഗാര്‍ഡുകളുടെ നിരീക്ഷണത്തിലാണ് ഈ വിവിഐപി മരം.