പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച ഹാസ്യ പരമ്പര ആയിരുന്നു എം80 മൂസ . ഒരു കുഞ്ഞു കുടുംബത്തിലെ കഥയായിരുന്നു സീരിയല്‍ പറഞ്ഞത്, വിനോദ് കോവൂരും, സുരഭി ലക്ഷ്മിയും ആയിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇതില്‍ റസിയയായി എത്തിയിരുന്നത് അഞ്ജു ആയിരുന്നു. ഇപ്പോള്‍ വിനോദ് കോവൂര്‍ അഞ്ജുവിനെ കണ്ട സന്തോഷം ആണ് പങ്കുവെച്ചത്.
വലിയ ഒരു ഇടവേളക്ക് ശേഷം എം80 മൂസയിലെ എന്റെ മകള്‍ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇന്‍ ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോള് ഇന്ന് എയര്‍ ഹോസ്റ്റസാ. കൂടുതല്‍ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു. ങ80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോള്‍ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗള്‍ഫില്‍ പോകാന്‍ വിമാനത്തില്‍ കയറിയ ദിവസം വിമാനത്തിലെ എയര്‍ ഹോസ്റ്റസ് മാരെ കണ്ടപ്പോ ഓള്‍ക്കും മനസില്‍ ഒരാഗ്രഹം ഉദിച്ചു എയര്‍ ഹോസ്റ്റസ് ആകണമെന്ന്.
എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന്. ധൈര്യമായ് മുന്നേറി കൊള്ളാന്‍ ഞങ്ങള്‍ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായ് അവള് മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോള്‍ സന്തോഷമാണ് അഭിമാനമാണ്. എയര്‍ ഹോസ്റ്റസ് ആയിട്ടും കലയെ മോള് ഉപേക്ഷിച്ചില്ലട്ടോ . റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നില്‍ക്കുകയാണ് ജനുവരിയില്‍ റിലീസ് ഉണ്ട്.
ഇന്ന് പരസ്പരം കണ്ടപ്പോള്‍ മൂസ ഷൂട്ടിംഗ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. 14 ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17 ന് തിരിച്ചും . ഷെഡ്യൂള്‍ നോക്കി അവള് പറഞ്ഞു തിരിച്ച് വരുന്ന ഫ്ലൈറ്റില്‍ മിക്കവാറും അവള് ഡ്യൂട്ടിയില്‍ ഉണ്ടാകുമെന്ന്. ആകാശത്തില്‍ വെച്ച് മോള് എയര്‍ ഹോസ്റ്റസായും ഉപ്പ പാസഞ്ചര്‍ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ. മൂസക്കായിന്റെ പൊന്നുമോള് റസിയ എന്നുമായിരുന്നു വിനോദ് കോവൂര്‍ കുറിച്ചത്.