ചെന്നൈ: അജിത് നായകനായി എത്തിയ തുനിവ് മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍ അജിത്തിന്റെ പുതിയ ചിത്രത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എച്ച്.വിനോദുമായി കഴിഞ്ഞ മൂന്ന് ചിത്രങ്ങളില്‍ സഹകരിച്ച അജിത് പുതിയ ചിത്രത്തില്‍ പുതിയ സംവിധായകനോട് ഒപ്പമായിരിക്കും എത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിഘ്നേഷ് ശിവന്റെ പേരായിരുന്നു പുതിയ സംവിധായകന്റെ സ്ഥാനത്ത് ഉയര്‍ന്ന് വന്ന പേര്. വിഘ്നേശ് ശിവന് ആയിരിക്കും ‘എകെ62’ സംവിധാനം ചെയ്യുക എന്നാണ് പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം. ‘എകെ62’ സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്നേശ് പുറത്തായി എന്നാണ് വിവരം.
തിരക്കഥ അജിത്തിന് ഇഷ്ടപ്പെടാത്തതാണ് കാരണം. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിരുന്നു അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവന് ഒരുക്കാനിരുന്നത്. ചിത്രം ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും തുനിവിന്റെ വിജയത്തിന് ശേഷം അജിത്ത് ഒരു അവധിക്ക് പോവുകയായിരുന്നു. ഒപ്പം അജിത്ത് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് കഥവീണ്ടും കേട്ട അജിത്ത് കഥയില്‍ തൃപ്തനായില്ല എന്നാണ് വിവരം.
ഇതോടെ നേരത്തെ കേട്ട മഗിഴ് തിരുമേനിയുടെ ചിത്രം ‘എകെ62’ആയി തുടങ്ങാന്‍ പോകുന്നുവെന്നാണ് വിവരം. അതേ സമയം ‘എകെ62’ ഡയറക്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ പിന്നീട് അജിത്ത് വിഘ്നേശ് പടം നടക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല.
അതേസമയം എകെ 62വില്‍ നിന്ന് വിഘ്നേഷിനെ മാറ്റിയത് നയന്‍താരയക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി നയന്‍താര ഇടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.