കോഴിക്കോട്; പാമ്പ് പിടുത്തക്കാരില്‍ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്.
വാവ സുരേഷിനെതിരെ കേസെടുക്കാന്‍ ഡിഎഫ്ഒ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് നടപടി.
അന്വേഷണത്തിന്റെ ഭാഗമായി ചിത്രങ്ങളും വിഡിയോയും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് നഴ്സിങ് വിഭാഗത്തില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടാണ് മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് വാവ സുരേഷ് ക്ലാസ് എടുത്തത്.
സംഭവം ശ്രദ്ദയില്‍ പെട്ടതോടെ വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് റേഞ്ച് ഓഫിസര്‍ വ്യക്തമാക്കി.
പാമ്പ് കടിയേറ്റ് അതീവ ഗുരുതര നിലയില്‍ നിന്ന് രക്ഷപെട്ട് വന്ന ശേഷം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാമ്പിനെ പിടിക്കുകയില്ലെന്നും പ്രദര്‍ശിപ്പിക്കുകയില്ലെന്നും വാവ സുരേഷ് ഉറപ്പു നല്‍കിയിരുന്നുവെന്ന് വനം വകുപ്പുകാര്‍ പറയുന്നു.
മൈക്ക് വയ്ക്കുന്ന പോഡിയത്തിന്മേലാണ് വാവ സുരേഷ് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ വച്ചത്. പാമ്പ് കടിയുടെ വിവിധ വശങ്ങളെ കുറിച്ച് നഴ്സുമാരെ ബോധവല്‍ക്കരിക്കുകയും ചെയ്തു.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ വാവയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്.