ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസ് പ്രതിയും കേന്ദ്രമന്ത്രിയുടെ പുത്രനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനാണ് ആശിഷ് മിശ്ര. യു.പി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയം.
ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കര്‍ഷകര്‍ക്കിടയിലേക്ക് സ്വന്തം കാര്‍ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നല്കിയ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് തന്റെ എസ്യുവി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാല് കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമാണ്.
ആദ്യഘട്ടത്തില്‍ ആശിഷ് മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറുന്ന വിഡിയോ വൈറലാകുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്.