പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം റിലീസിനായി എടുക്കാന്‍ തീയറ്ററുകള്‍ തയ്യാറാകുന്നില്ലെന്ന് സംവിധായകന് സജീവന് അന്തിക്കാട്. ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ട് നായകന്മാരില് ഒരാളാണ് ശ്രീജിത്ത് രവി. സംഭവം ഒടിടി റിലീസിനേയും ബാധിച്ചു. ഒരു കോടി നാല്പതുലക്ഷം മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണെന്നും സജീവന് അന്തിക്കാട് പറഞ്ഞു. ശ്രീജിത്ത് രവി കേസില്‍പ്പെട്ടതിന് മാസങ്ങള്‍ മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയായത്. ചില പോരായ്മകള്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മൂന്ന് മാസത്തോളം മുടങ്ങി. തടസങ്ങള്‍ പരിഹരിച്ച് സിനിമ റിലീസിനൊരുങ്ങുമ്പോഴാണ് ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട കേസ് വരുന്നത്. ചെയ്ത കുറ്റത്തിന് അയാളാണ് ശിക്ഷ അനുഭവിക്കേണ്ടതെന്നും അതിന് സിനിമയുടെ നിര്‍മാതാവ് എന്തിന് ശിക്ഷിക്കപ്പെടണമെന്നും സജീവന് അന്തിക്കാട് ചോദിക്കുന്നു.
സിനിമയിലെ കഥാപാത്രവും ആ കഥാപാത്രമായി അഭിനയിച്ച വ്യക്തിയും രണ്ടാണ്. എന്നാല്‍ കുറ്റകൃത്യം ചെയ്ത വ്യക്തി തന്നെയാണ് വെള്ളിത്തിരയില്‍ കാണുന്ന വ്യക്തി എന്ന നിലയിലേക്ക് പ്രേക്ഷകര്‍ എത്തിച്ചേരുന്നു. സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയാണിതെന്നും എന്നാല്‍ ആ ശക്തിക്ക് ഇരയാകുന്നത് നിര്‍മാതാക്കളാണെന്നും സജീവന് അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
പോക്സോ കേസില്‍ ജൂലൈ ഏഴിനാണ് ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത്. നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോള്‍ എസ്എന്‍ പാര്ക്കിന് സമീപത്തെ ഫ്ളാറ്റിന് മുന്നില്‍ നിന്നിരുന്ന പതിനൊന്നും അഞ്ചും പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ശ്രീജിത്ത് രവി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ എന്നിവയാണ് ചുമത്തിയ വകുപ്പുകള്‍. പ്രതി നേെേരത്തയും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്. ശ്രീജിത്ത് രവിയുടേത് അസുഖമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.