ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചപ്പോഴും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ മന്ത്രവാദിയുടെ അടുത്തേക്ക് പോയി, ഒടുവില്‍ മരണം; ബന്ധുക്കളുടെ പരാതിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടത്തും ,

മന്ത്രവാദ ചികിത്സയില്‍ വിശ്വസിക്കുന്നവര്‍ നിരവധിയാണ്, എത്ര പുരോഗമനം ഉണ്ടെന്ന് പറഞ്ഞാല്‍ പോലും ഒരു അസുഖം വന്നാല്‍ ഡോക്ടറുടെ സഹായം തേടാതെ മന്ത്രവാദ ചികിത്സ തേടി പോകുന്നവര്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. നിരവധി ആളുകളാണ് ഇതിലൂടെ മരണപ്പെട്ടത്. ഏറ്റവുമൊടുവില്‍ കോഴിക്കോട് കല്ലാച്ചിയില്‍ നിന്ന് ഒരു യുവതിയാണ് ഇത്തരത്തിലുള്ള ചികിത്സയിലൂടെ മരണപ്പെട്ടത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് യുവതി മന്ത്രവാദ ചികിത്സയിലേക്ക് എത്തുന്നത്. എന്നാല്‍ ഇവിടെവെച്ച് രോഗം മൂര്‍ച്ഛിച്ചപ്പോഴും ആശുപത്രിയിലേക്ക് മാറ്റാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഒടുവില്‍ മരണം സംഭവിക്കുകയായിരുന്നു.

ഇപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ ആണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടത്തും.


കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്‍ ആണ് ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവതിയുടെ തൊലിപ്പുറത്ത് വ്രണം ഉണ്ടായി പഴുപ്പ് വരുന്നു. എന്നാല്‍ അസുഖം അധികം ആയപ്പോഴും ആശുപത്രിയില്‍ കാണിക്കാതെ യുവതിയുടെ ഭര്‍ത്താവ് ജമാല്‍ ഇവരെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു.


ഒരുതവണ ജമാലിനെ അവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ജമാല്‍ ഇത് തുടരാന്‍ അനുവദിച്ചില്ല. ഇയാള്‍ യുവതിയെ വീണ്ടും ആലുവയിലേക്ക് കൊണ്ടുപോയി. പിറ്റേദിവസം പുലര്‍ച്ചെ ആണ് യുവതിയുടെ മരണവിവരം ബന്ധുക്കള്‍ അറിയുന്നത് . ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് നൂര്‍ജഹാന്‍ മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.