മരിച്ചയാളുടെ രക്തം ദേഹത്തുപുരട്ടി ഒരു പെണ്‍കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍. കഴിഞ്ഞ ദിവസം ടെക്സാസിലെ സ്കൂളില്‍ അക്രമി നടത്തിയ വെടിവയ്പില്‍ നിന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ടെക്സാസിലെ റോബ് എലിമെന്ററി സ്കൂളില്‍ അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത്. വെടിയേറ്റ് സഹപാഠികള്‍ പിടഞ്ഞുവീഴുന്നതുകണ്ട് പതിനൊന്നുകാരി മിയ സെറില്ലോ ആദ്യമൊന്നു പകച്ചു. രക്ഷപ്പെടാനായി അവള് ഒരു ബുദ്ധി പ്രയോഗിച്ചു. നിലത്ത് മരിച്ചു കിടന്ന ഒരാളുടെ രക്തം അവള് തന്റെ ദേഹത്തുപുരട്ടി മരിച്ചതുപോലെ കിടന്നു. മരിച്ച അധ്യാപികയുടെ മൊബൈല്‍ ഫോണും അവള് കരസ്ഥമാക്കി. മിയയുടെ മാതാപിതാക്കളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വെടിയുണ്ടകളുടെ തുണ്ടുകള്‍ തുളച്ചുകയറിയതിനാല്‍ മിയയ്ക്ക് മുതുകില്‍ പരുക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ സഹപാഠികളും അധ്യാപകരും മരിച്ചുവീണത് നേരിട്ട് കണ്ട മിയ നിലവില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്.